Thursday, January 3, 2013

S.F.I. സിന്ദാബാദ്‌



              രഷ്ട്രീയം എന്ന  വാക്കിനോട് പോലും  താല്പര്യം ഉണ്ടായിരുന്നില്ല എനിക്ക്. അങ്ങനെ ഉള്ള ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് ആയതിനു പിന്നിലെ ആരുമറിയാത്ത കഥ.

       പോളിയിലെ ക്ലാസ്സ്‌ തുടങ്ങി ദിവസങ്ങള്‍ ആകുന്നതേ  ഉള്ളു. ക്ലാസ്സില്‍ പഠിപ്പിക്കുന്നത്‌ തലയില്‍ കയറ്റാന്‍ പെടാപ്പാടു പെടുകയാണ് ഞാന്‍. രാഷ്ട്രീയവും പാര്‍ട്ടിയും ഒന്നും ഇല്ലാതിരുന്ന ഒരു സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചത്.  അത് കൊണ്ട് എസ്. എഫ്. ഐ , കെ. എസ്. യു. എന്നൊന്നും പറഞ്ഞാല്‍ എന്താണെന്നു പോലും എനിക്കറിയുമായിരുന്നില്ല. ക്ലാസ്സില്‍ ഇന്‍റെര്‍വല്‍  ആകുമ്പോള്‍ പല പല പാര്‍ട്ടിക്കാര്‍ വന്നു അവരുടെ സംഘടനയില്‍  ആളെ ചേര്‍ക്കുവാന്‍ വരുന്നത്  ഒരു പതിവായി. ആരെയും ഞാന്‍ മുഷിപ്പിച്ചില്ല. എല്ലാവരോടും 'ഓ ശരി'  പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷം.

        അപ്പോഴാണ് ഒരു മൂവര്‍ സംഘം അവിടെ എത്തിയത്. കണ്ടാല്‍ അല്പം പേടി തോന്നുന്ന വിധം വലിപ്പം   ഉള്ളവര്‍. ഇപ്പോള്‍ പേര് പറഞ്ഞു അവരെ നാറ്റിക്കുന്നില്ല. മൂന്നു പേരില്‍ ഒരുവന് എന്നെ അത്രക്ക് അങ്ങു രസിച്ചില്ല.
കാരണം എന്താണെന്നു എനിക്ക് മനസ്സിലായതും ഇല്ല. കൂട്ടത്തില്‍ എന്നെ ഇഷ്ടപ്പെടതിരുന്നവന്‍റെ ആവശ്യപ്രകാരം മൂന്നു പേരും എന്‍റെ അടുത്ത് എത്തി.

        ഞാന്‍ പതിവ് പോലെ ഒരു ചിരി ചിരിച്ചു. അതും അവനു ഇഷ്ടമായില്ല. ചുരുക്കത്തില്‍ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും  അവനു ഇഷ്ടമാവില്ല എന്ന് എനിക്ക് മനസ്സിലായി.

       ആ ദിവസങ്ങളില്‍ എനിക്ക് ഒരു 'റൗണ്ട് നെക്ക്- ടി -ഷര്‍ട്ട്‌' യൂണിഫോം ഷര്‍ട്ടി ന്‍റെ ഉള്ളില്‍ ഇടുന്ന പതിവുണ്ടായിരുന്നു. അത് എന്തിനനെന്നയിരുന്നു എന്നോടുള്ള ആദ്യത്തെ ചോദ്യം. മറുപടിക്ക് വലിയ താമസം ഉണ്ടായില്ല. "ബസില്‍ വരുമ്പോള്‍ തണുക്കുന്നത് കൊണ്ടാ.." എന്ന് ഞാന്‍ മറുപടി പറഞ്ഞു. അത് ഒരു തെറ്റാണെന്ന് ഞാന്‍ അത് വരെ മനസ്സിലാക്കിയിരുന്നില്ല.

       വാചകക്കസര്‍ത്തില്‍ വലിയ മിടുക്കില്ലതിരുന്ന ആ സുഹൃത്തിന് അതിനുള്ള മറുപടി ഒന്നും ഉണ്ടായില്ല. അപ്പോഴാണ് എന്‍റെ വീട്ടുകാരെ വെറുപ്പിച്ചു ഞാന്‍ കയ്യില്‍ കെട്ടിയിട്ടുള്ള ഒരു ചങ്ങല അവന്‍റെ കണ്ണില്‍ പെട്ടത്. "എന്തിനാടാ  ഒരു ചങ്ങല നിന്‍റെ കയ്യില്‍? ഇതൊന്നും ഇവിടെ പറ്റില്ല. അതൊക്കെ ചേട്ടന്മാര് ഇട്ടോളും നാളെ വരുമ്പോള്‍ ഇതൊന്നും വേണ്ട." 
       'അത്' എനിക്കത്ര ഇഷ്ടപ്പെട്ടില്ല. കാരണം അത് ഊരിക്കളയണം എന്ന്  എന്നും പറയുന്ന എന്‍റെ അപ്പനെ അനുസരിക്കാതെ ആണ് ഞാന്‍ അതും കെട്ടി നടക്കുന്നത്. ഞാന്‍ ആകെ പരിഭ്രമത്തില്‍ ആയി.

        അവന്‍ പറഞ്ഞത് ശരി വച്ച് ഞാന്‍ അവരെ മടക്കി വിട്ടു. പിറ്റേന്ന്  ക്ലാസ്സില്‍ വരുന്ന നേരത്ത് ഞാന്‍ ചങ്ങല ഊരണൊന്നു ഒന്നാലോജിച്ചു. ആത്മാഭിമാനം എന്നോട് പറഞ്ഞു."ഹെബിന്‍സെ അത് ഊരിയാല്‍ നിനക്കതൊരു കുറച്ചിലാ." എന്നാപ്പിന്നെ അത് ഊരുന്ന പ്രശ്നമില്ല  എന്നും മനസ്സിലുറപ്പിച്ചു പോളീലെത്തി.   

    ഇന്‍റെര്‍വല്‍ ആയതും  ദേ വരുന്നു പണ്ടാരക്കാലന്‍. കൂടെ ഡയലോഗ് ഇല്ലാത്ത രണ്ടു ഗുണ്ടകളും. വന്നതും അവന്‍ നോക്കിയത് എന്‍റെ കഴുത്തിലും കയ്യിലും. വൃത്തി കെട്ടവന്‍. "നിന്നോടല്ലേ പറഞ്ഞത് ഇതൊന്നും വേണ്ടാന്ന്"
ഞാന്‍ ചിരിച്ചു. സത്യത്തില്‍ നല്ല പേടി ഉണ്ടായിരുന്നു എനിക്ക്. അവര് ബലമായി ഊരാതിരിക്കാന്‍ ഞാന്‍ ചങ്ങലയുടെ കൊളുത്ത് കളഞ്ഞു കണ്ണികള്‍ അടുപ്പിചിട്ടിരുന്നത്‌ നന്നായെന്നു എനിക്ക് തോന്നി. കൊളുത്ത് അന്വേഷിച്ചു വയ്യാതായപ്പോള്‍ ഒടുക്കത്തെ വാര്‍ണിംഗ് തന്ന് അവര്‍ മടങ്ങി.
ഇന്നും രക്ഷപ്പെട്ടു.

           നാളെ ഇങ്ങനെ തന്നെ ആവണമെന്നില്ല എന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പിറ്റേന്നും അവരെത്തി. ഇത്തവണ വന്നത് ലഞ്ച് ബ്രെയ്കില്‍ ആണ്. ഒരു കാര്യവുമില്ലാതെ ഒരു മണിക്കൂര്‍ അവിടെ ഇരുന്നു പല തരത്തിലുള്ള ഭീഷണികള്‍ മുഴക്കി. എന്തോ ഭാഗ്യം. എന്നെ തല്ലാനുള്ള ഉദ്ദേശം അവര്‍ക്കുണ്ടയില്ല. അമ്മ കെട്ടിത്തന്ന പൊതിച്ചോര്‍ ബാഗില്‍ ഇരുന്നു എന്നെ വിളിക്കുന്നത്‌ എനിക്ക് കേള്‍ക്കാമായിരുന്നു. ഇന്‍റെര്‍വല്‍ തീരുന്നത് വരെ അവരങ്ങനെ ഇരുന്നു. ബെല്ലടിച്ചതും അവര്‍ മടങ്ങി. 'ഇത്തവണ മുടങ്ങിയത് എന്‍റെ ഫുഡ്ഡടി ആയിരുന്നു.'

         അന്ന് വൈകുന്നേരം വീടിലേക്ക്‌ മടങ്ങിയ ഞാന്‍ നേരെ പോയത് എന്‍റെ അപ്പനും മൂന്നു അനുജന്മാരും കൂടി നടത്തി വന്ന സെന്‍ട്രല്‍ സോഡാ ഫാക്ടറിയിലേക്കാണ്.   അപ്പന്‍റെ ഇളയ അനിയന്‍ ആണ് ബാബു പേപ്പന്‍ എന്ന് ഞാന്‍ വിളിക്കുന്ന C .I  ബാബു. തെറ്റിദ്ധരിക്കരുത്. C.I. ബാബു  എന്ന് വച്ചാല്‍ ചാലിശ്ശേരി ഇട്ടിയച്ചന്‍ ബാബു ആണ്. അല്ലാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു അല്ല. ചെറുപ്പത്തില്‍ ഒരു പനി വന്നതു കാരണം കേള്‍വിശക്തി നഷ്ടപ്പെട്ട ഒരാളാണ് ബാബു പേപ്പന്‍. പൊളീലെ കാര്യങ്ങള്‍ പേപ്പനോട് പറയാം. എന്നിട്ട് നാളെ പേപ്പനെയും കൂട്ടി പോകാം. അതായിരുന്നു എന്‍റെ  പദ്ധതി. കൂട്ടുകാരെയും കൂട്ടി പോകാമെന്ന് എനിക്ക് ഉറപ്പു തരുന്നത് എന്‍റെ ഒരു ചാരന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എന്‍റെ സ്വന്തം ചേട്ടന്‍. ഗൂഢാലോചന  കേട്ട് എന്തോ പന്തീകേട്‌ തോന്നിയ ചേട്ടന്‍ ഉടന്‍ തന്നെ വിവരം അപ്പനെ അറിയിച്ചു. പണി പാളി.

                വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു അപ്പന്‍. എന്നിട്ട് പറഞ്ഞു "നമുക്ക് നേരായ വഴിയില്‍ പരാതിപ്പെടാം. എന്നിട്ട് പ്രശ്നം തീര്‍ന്നില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കാം."

       പിറ്റേന്നു കാലത്ത് അപ്പനും ഞാനും കൂടി പോളിയില്‍ എത്തി. അന്നത്തെ പ്രിന്‍സിപ്പലിനെ ചെന്ന് കണ്ടു വിവരം അറിയിച്ചു. തുടര്‍ന്ന് കോടതി ഭാഷയില്‍ അപ്പന്‍ നീട്ടിവലിച്ച് ഒരു പരാതിയും എഴുതിക്കൊടുത്തു. അപ്പന്‍ മടങ്ങിയതും ദേ വരുന്നു ആ ദുഷ്ടന്മാര്‍. ഞാന്‍ മനസ്സിലുറപ്പിച്ചു. ഏതായാലും ഇന്നു തല്ലു കിട്ടും. ഒരുത്തന് ഒരെണ്ണമെങ്കിലും കൊടുക്കാന്‍ എന്നതായിരുന്നു  എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന.

          മുഖ്യശത്രു മുന്നിലെത്തി ഒരു ടയലോഗ്. "ഞങ്ങളാരും നിന്നെ ഉപദ്രവിചില്ലല്ലോ. നീ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് പ്രശ്നമാകും". അമ്പട കേമന്മാരെ എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍. കുറചോരഹങ്കാര ത്തോടെ ഞാന്‍ പറഞ്ഞു. പരാതി പിന്‍വലിക്കില്ല. എന്നാല്‍ ശരി എന്നും പറഞ്ഞു അവര്‍ പോയി. അതോടെ ചുറ്റിലുമുള്ള കൂട്ടുകാരൊക്കെ എന്‍റെ അടുത്ത് നിന്നും മാറി തുടങ്ങിയോ എന്നൊരു സംശയം എനിക്കുണ്ടായി. ഒരുത്തന്‍ വന്നു പറഞ്ഞു. "അവര് ഇവിടെ നിന്നും പോകുന്ന ദിവസം നിനക്ക് കിട്ടും. നീ സൂക്ഷിച്ചോ."

      അത് എന്നെ ചിന്തിപ്പിച്ചു. ഓരോ ദിവസവും കടന്നു പോകുന്നതിനിടയില്‍ എവിടെയെങ്കിലും ഒക്കെ വച്ച് എന്നെ കാണുമ്പോള്‍ പലരും എന്നെ നോട്ടമിടുന്നത് എനിക്ക് കാണാമായിരുന്നു. തല്ലു കിട്ടീട്ടു പിന്നീട് തിരിച്ചു കൊടുക്കുന്നതില്‍ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. തല്ല് കിട്ടാതെ നോക്കണം.
അതിനു ഒരു വഴി കാണിച്ചു തരണേ ഈശ്വരാ എന്ന് മനസ്സില്‍ ആലോജിച്ചതും ദേ വരുന്നു S. F. I യുടെ ശക്തി പ്രകടനം. പോളിയില്‍ ഏറ്റവും അണികള്‍ ഉള്ളതും ശക്തി ഉള്ളതും S.F.I ക്ക് ആയിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല. ജനലിലൂടെ എടുത്തു ചാടി ചെങ്കടലിലേക്ക്. ജാഥയുടെ മുന്നില്‍ തന്നെ ഞാനും വിളിച്ചു "S.F.I. സിന്ദാബാദ്‌" സാമാന്യം നല്ല ഒരു ശബ്ദത്തിനു ഉടമയായത് കൊണ്ടാവാം, പിന്നീടങ്ങോട്ട്‌ എല്ലാ പ്രകടനത്തിനും എന്നെ വന്നു വിളിക്കാന്‍ S.F.I  ക്കാര്‍ മറക്കാറില്ല. S.F.Iകാരനെ തൊടാന്‍ മാത്രം അവിടെ ആരും വളര്‍ന്നിട്ടില്ല എന്ന തോന്നല്‍ ആയിരുന്നു എന്‍റെ ആശ്വാസം.  അതോടെ എല്ലാ പ്രശ്നവും തീര്‍ന്നു. ഇന്നും ഞാന്‍ ആ തീരുമാനത്തില്‍ വളരെ അഭിമാനിക്കുന്നു. അങ്ങനെ ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ ആയി.


സഖാവ്





Sunday, May 1, 2011

എന്‍റെ ആദ്യത്തെ അബദ്ധം

പത്താം ക്ലാസ്സ് പാസ്‌ ആയ സന്തോഷത്തില്‍ തുള്ളിച്ചാടി നടക്കുകയായിരുന്നുഞാന്‍. അത് വരെ കോളേജ് എന്ന് പറയുന്നത് യൂണിഫോറം ഇടണ്ടാത്ത വലിയസ്കൂള്‍ ആയിരുന്നു എനിക്ക്. ഞാന്‍ പഠിച്ചിരുന്ന സമയത്ത് ആണ്‍ കുട്ടികള്‍ മാത്രംപഠിച്ചിരുന്ന സ്കൂള്‍ ആയിരുന്നു ഡോണ്‍ ബോസ്കോ. അത് കൊണ്ട്പെണ്‍കുട്ടികള്‍ കൂടി പഠിച്ചിരുന്ന സ്ഥലം എങ്ങനെ ഉണ്ടാകും എന്ന ഉത്കണ്ഠ നല്ലപോലെ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍. കണക്കില്‍ അത്ര മോശം അല്ലാതിരുന്ന ഞാന്‍ ഏറവും നന്നായി മാര്‍ക്ക്‌ വാങ്ങിയതും കണക്കില്‍ തന്നെ. അതായിരുന്നു ഞാന്‍ ചെയ്ത തെറ്റ്.

ഡിപ്ലോമ കോഴ്സിനു ചേരാന്‍ വേണ്ട ഇന്‍ഡെക്സ് മാര്‍ക്ക്‌ എന്ന ഒരു സംഭവമുണ്ട് കണക്കും ഫിസിക്സും കെമിസ്ട്രിയും ചേര്‍ന്ന് ഇരുനൂറില്‍ നൂറ്റി ഇരുപതുമാര്‍ക്ക്‌ വേണം എനിക്കാണെങ്കില്‍ അതുണ്ടയിപ്പോയി. അതിലും 21 മാര്‍ക്ക്‌കൂടുതല്‍. പത്രത്തിലൂടെ ഒരു പാട് നാള്‍ ആയി മകനെ എന്ത് പഠിപ്പിക്കണം എന്നാ പപ്പയുടെ അന്വേഷണത്തിന് ഒരു ശാന്തി കിട്ടി. ചെറുപ്പത്തില്‍ സാമാന്യംതെറ്റില്ലാതെ പടം വരച്ചിരുന്ന എന്നോട് അമ്മ ഒരു ദിവസം ചോദിച്ചു, "നിനക്ക് വരക്കനോക്കെ ഇഷ്ടമല്ലേ? ഡിപ്ലോമക്ക് ചേര്‍ന്നാല്‍ കൊറേ വരക്കാം. അത്പോരെ?" കേരള വര്‍മയും, സെന്‍റ് തോമസും സ്വപ്നം കണ്ടു നടന്നിരുന്ന എനിക്ക്അത് കേട്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നി. "ഉം ശരി" എന്ന് ഞാനും പറഞ്ഞു.


കോളേജില്‍ പോയി ഇടപാട് നടത്താന്‍ അന്ന് ഞാന്‍ കുറച്ചു മോശം ആയിരുന്നു. അത് കൊണ്ട് അഡ്മിഷന്‍ കാര്യങ്ങള്‍ക്കായി ചേട്ടനെയും കൂട്ടി ആമ്പല്ലൂര്‍ അടുത്തുള്ള അളഗപ്പനഗരിറിലെക്കുള്ള ബസില്‍ കയറി. അവിടെ എത്തുമ്പോഴേക്കും എന്‍റെ മനസ്സ് ഏതാണ്ട് ചത്തിരുന്നു. കാണാന്‍ വലിയ ഭംഗി ഒന്നും ഇല്ലാത്ത ഒരു സ്ഥലം. ഒരിക്കലും അങ്ങനെ ഉള്ള സ്ഥലം ആയിരുന്നില്ല എന്‍റെ മനസ്സില്‍ എന്ന് അപ്പോഴേ എനിക്ക് മണം അടിച്ചു. "എവിടുന്നാണ്? എന്തിനാണ്? എന്താ കാര്യം?" എന്നീ മൂന്നു ചോദ്യങ്ങള്‍ ആണ് പ്രിന്സിപലിന്റെ മുറി എവിടെ? എന്ന ഒറ്റ ചോദ്യത്തിനു എനിക്കും ചേട്ടനും ലഭിച്ച മറുപടി. അന്നത്തെ അവിടുത്തെ തല മൂത്ത വിദ്യാര്‍ഥികളുടെ ആയിരുന്നു മറു ചോദ്യം. അന്ന് ഞാന്‍ തീരുമാനിച്ചു ഒന്നുകില്‍ അടി കൊണ്ട് ചാവും ഇല്ലെങ്കില്‍ എല്ലാത്തിനെയും ഞാന്‍ കൊല്ലും എന്ന്.

കാര്യങ്ങള്‍ ചോദിച്ചു അറിഞ്ഞതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. നേരായ വഴിക്ക് അവിടെ ചേരാന്‍ എന്‍റെ മാര്‍ക്ക്‌ മതിയാവില്ല. പള്ളി വക പോളി
ടെക്നിക് ആയതു കൊണ്ട് പള്ളിക്കും ഉണ്ട് സീറ്റ്‌. അങ്ങനെ ബന്ധത്തിലുള്ള ഒരു പള്ളീലച്ചനെ ചെന്ന് കണ്ടു കാര്യം പറയാന്‍പപ്പയും മമ്മിയും തീരുമാനിച്ചു. കാര്യങ്ങള്‍ പെട്ടെന്ന് അങ്ങനെ മുന്നോട്ടു പോയി. അക്കാലത്തു ഞങ്ങളുടെ പള്ളിയിലെ വികാരി ആയിരുന്ന ലോറന്സ് ഓലക്കെങ്കല്‍ അച്ഛനെ പോയി കാണാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചേട്ടനും വീണ്ടും കേട്ട് കെട്ടി. അന്നാണ്ഞാന്‍ ആദ്യമായി ഒരു പള്ളീലച്ചനു കൈക്കൂലി കൊടുത്തത്. അയ്യായിരം രൂപവാങ്ങി വച്ചിട്ട്പള്ളീലച്ചന്‍ ഫ്രീ ആയി എന്നെ ഉപദേശിക്കുകയും ചെയ്തു.

സീറ്റ്‌ ഉറച്ചു. ക്ലാസ്സ്‌ തുടങ്ങറായി. പതിവ് പോലെ ഇത്തവണയും ഉണിഫോറംതയ്ച്ചു കിട്ടിയിട്ടില്ല. ആദ്യ ദിവസം തന്നെ നോട്ടപ്പുള്ളി ആവാനുള്ള ഭാഗ്യവുംഅങ്ങനെ എനിക്ക് കിട്ടി. ക്ലാസ്സില്‍ ഉണിഫോറം ഇടാത്ത രണ്ടേ രണ്ടു പേര്‍. ഞാനും ഒരു പെണ്‍കുട്ടിയും. ആദ്യത്തെ ദിവസം ആയതു കൊണ്ട് കൂടുതലൊന്നുംകേള്‍ക്കേണ്ടി വന്നില്ല. പക്ഷെ എനിക്ക് ഉണിഫോറം ഇനിയും തയ്ച്ചു കിട്ടിയിട്ടില്ല. എന്നും ക്ലാസ്സില്‍ ഉണിഫോറം ഇടാതത്തിനു കുറച്ചു കളിയാക്കല്‍ കേള്‍ക്കേണ്ടിവന്നത് എനിക്ക് ഒരു പുത്തരി ആയിരുന്നില്ല. എന്നാല്‍ മറ്റേ പെണ്‍കുട്ടിയുംഎന്നെപ്പോലെ തന്നെ ആയിരുന്നില്ലാത്തത് കൊണ്ട് കുട്ടി എന്നും കരയും. ഒരുദിവസം ഞാന്‍ കുട്ടിയെ കുറച്ചു സമാധാനിപ്പിക്കാന്‍ തീരുമാനമെടുത്തു. അന്ന് എന്‍റെ സമാധാനം സീനിയേര്‍സ് എന്ന് പറയുന്ന ചെറ്റകള്‍ കളഞ്ഞു.

"വന്നതെയുള്ളു അവന്‍ പഞ്ചാര തുടങ്ങി." തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നല്ല ഒരുപാട് പേര്‍ ഉണ്ട്. എല്ലാവര്‍ക്കും ഒരു പോലെ ഉള്ള മുഖഭാവം. ഇന്നത്തെക്കുള്ളഇര കിട്ടിയ സന്തോഷം അവരുടെ മുഖത്ത് ഞാന്‍ കണ്ടു. എന്നെ രാഗാന്‍ വന്നതാണ്‌ അവിടുത്തെ രണ്ടാം കൊല്ലവിദ്യാര്‍ഥികള്‍. ജീന്‍സും ടി ഷര്‍ട്ടും അതിന്‍റെ മുകളില്‍
ഒരു ഷര്‍ട്ടും, പിന്നെ കയ്യില്‍ ഒരു സ്റ്റീല്‍ ചങ്ങലയും. അത് ഒക്കെ എന്‍റെ ദേഹത്ത്കണ്ടത് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അവര്‍ക്ക്. റാഗിംഗ് കഥകള്‍ നാളെ പറയാം. കുറച്ചുണ്ട് തമാശകള്‍. എനിക്ക് അരി വാങ്ങാന്‍ ആപ്പീസില്‍പോകാറായി.

എന്‍റെ കഥ ഇന്ന് മുതല്‍

കാലങ്ങളായി വിചാരിക്കുന്നു ഇങ്ങനെ ഒന്ന് എഴുതണമെന്ന്. നടന്നില്ല. തിരക്കുപിടിച്ച ജീവിതം കൊണ്ടൊന്നുമല്ല. മടി. ശുദ്ധമായ മടി. മുന്‍പ് കൊറേ മുന്‍പ് സുഖംആയി തൃശ്ശൂരില്‍, എന്‍റെ നാട്ടില്‍ ജീവിച്ചിരുന്ന ഒരാളാണ് ഞാന്‍. കുറച്ചു ഫ്ലാഷ്ബാക്ക് ഉണ്ട്.

കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനം എന്ന് പേര് കേട്ടതൃശൂര്‍ ആണ് എന്‍റെ സ്വന്തം വീട്.
പതിനെട്ടു വയസ്സില്‍ പട്ടാളത്തില്‍ പോയിചേരാന്‍ തീരുമാനിച്ച എന്‍റെ പപ്പ സി. ഐ . ചെറിയാനും ഭാര്യാ മേര്സിചെറിയാനും ഉണ്ടായ രണ്ടാമത്തെ പുത്രന്‍ ഹെബിന്‍സ് ചെറിയാന്‍ ആണ് ഞാന്‍. മൂത്ത പുത്രന്‍ പ്രിന്‍സ് ചെറിയാന്‍. ഒരുസര്‍കാര്‍ സ്കൂളില്‍ ജോലി ചെയ്യന്നു. വിവാഹിതന്‍, രണ്ടു മക്കള്‍.

പറഞ്ഞുവരുമ്പോള്‍ എന്‍റെ കല്യാണം ആണ് ആദ്യം നടന്നത്. പക്ഷെ കുട്ടികളെപ്പറ്റിആലോചിക്കുന്നതെ ഉള്ളു. കാരണം മറ്റൊന്നുമല്ല വര്‍ഷങ്ങളായി പാതിരാനേരത്താണ് ഞാനും എന്‍റെ ഭാര്യയും ജോലി
ചെയ്തിരുന്നത്. അങ്ങനെ ജോലി ചെയ്യമ്പോള്‍ കുട്ടിലെ നോക്കാന്‍ ആര്‍ക്കു പറ്റും. കുട്ടികളെ നോക്കാന്‍ പറ്റിയ ഒരു സാഹചര്യം ഉണ്ടായിട്ടവാം കുട്ടികള്‍ എന്ന് അത് കൊണ്ട് തീരുമാനം എടുത്തതാണ്.

അമേരിക്കക്കാര്‍ക് തെറി പറയാന്‍ ആളെ കിട്ടാതായപ്പോള്‍ അവര്‍ അതിനു ഒരു വഴി കണ്ടെത്തി. ഒരുപാട് ജോലികള്‍ ഇന്ത്യയിലേക്ക്‌ ഔട്ട്‌ സോര്സ് ചെയ്തു. അങ്ങനെ നമ്മുടെതൊഴില്‍ സാധ്യത വര്‍ധിച്ചു. സുന്ദരമായ ബാംഗ്ലൂര്‍ അങ്ങനെ നശിച്ചുപണ്ടാരമടങ്ങാന്‍ തുടങ്ങി. പക്ഷെ ഒന്നുണ്ട്. പ്രകൃതി ഭംഗി വേവിച്ചാല്‍ തിന്നാന്‍പറ്റില്ലല്ലോ. അത് കൊണ്ട് സോര്സ് ചെയ്തു വന്ന ജോലികളെ കുറ്റം പറയാനുംപറ്റില്ല. കഴിഞ്ഞ കുറച്ചു കാലം ഞാന്‍ അരി വാങ്ങിയതും അതേ ഡോളര്‍ കൊണ്ടാണ്.

സ്കൂളില്‍ ചേര്‍ത്താന്‍ പ്രായമായപ്പോള്‍ മകന്‍ നന്നായി പഠിക്കട്ടെ എന്ന് കരുതി ഇംഗ്ലീഷ് മീഡിയത്തില്‍ ചെര്ത്തിയതാണ് എന്നെ. അങ്ങനെ ഹോളി ഫാമിലി സ്കൂളിലും ഡോണ്‍ ബോസ്കോയിലും പഠിച്ച ഞാന്‍ തട്ടി മുട്ടി പത്തു വരെ എത്തി. ഒരു കൈത്തൊഴില്‍ പഠിച്ചാല്‍ ജീവിക്കനാകും എന്ന പപ്പയുടെ കണ്ടെത്തല്‍ എന്നെ എനിക്കിഷ്ടമുള്ള കോളേജില്‍ ചേരാന്‍ വിട്ടില്ല. കൂടെ ഉള്ളവരൊക്കെ കേരള വര്‍മയിലും സെന്‍റ് തോമസിലും ആലോശ്യസ്സിലുംഅലോഷ്യസ്സിലും പോയിചെര്‍ന്നപ്പോള്‍ ഞാന്‍ പോയി ചേര്‍ന്നത്‌ തൃശ്ശൂരില്‍ നിന്നും പന്ത്രണ്ടു കിലോ മീറ്റര്‍ അകലെ ഉള്ള ആമ്പല്ലൂര്‍ എന്ന സ്ഥലത്ത് പള്ളി വക പോളി ടെക്നികില്‍ ആണ്. ത്യാഗരാജാര്‍ പോളി ടെക്നിക്. കൈത്തൊഴില്‍ പഠിക്കാന്‍ പറ്റിയ സ്ഥലം. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ആണ് ഞാന്‍ ജോയിന്‍ ചെയ്തത്. ഇതായിരുന്നു എന്‍റെ ജീവിതത്തിലെ ആദ്യത്തെ അബദ്ധം. തുടര്‍ന്നുള്ള സംഭവങ്ങള്‍ അടുത്ത ദിവസം.


Monday, April 26, 2010

Tuesday, February 10, 2009