രഷ്ട്രീയം എന്ന വാക്കിനോട് പോലും താല്പര്യം ഉണ്ടായിരുന്നില്ല എനിക്ക്. അങ്ങനെ ഉള്ള ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് ആയതിനു പിന്നിലെ ആരുമറിയാത്ത കഥ.
പോളിയിലെ ക്ലാസ്സ് തുടങ്ങി ദിവസങ്ങള്‍ ആകുന്നതേ ഉള്ളു. ക്ലാസ്സില്‍ പഠിപ്പിക്കുന്നത് തലയില്‍ കയറ്റാന്‍ പെടാപ്പാടു പെടുകയാണ് ഞാന്‍. രാഷ്ട്രീയവും പാര്‍ട്ടിയും ഒന്നും ഇല്ലാതിരുന്ന ഒരു സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചത്. അത് കൊണ്ട് എസ്. എഫ്. ഐ , കെ. എസ്. യു. എന്നൊന്നും പറഞ്ഞാല്‍ എന്താണെന്നു പോലും എനിക്കറിയുമായിരുന്നില്ല. ക്ലാസ്സില്‍ ഇന്‍റെര്‍വല്‍ ആകുമ്പോള്‍ പല പല പാര്‍ട്ടിക്കാര്‍ വന്നു അവരുടെ സംഘടനയില്‍ ആളെ ചേര്‍ക്കുവാന്‍ വരുന്നത് ഒരു പതിവായി. ആരെയും ഞാന്‍ മുഷിപ്പിച്ചില്ല. എല്ലാവരോടും 'ഓ ശരി' പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷം.
അപ്പോഴാണ് ഒരു മൂവര്‍ സംഘം അവിടെ എത്തിയത്. കണ്ടാല്‍ അല്പം പേടി തോന്നുന്ന വിധം വലിപ്പം ഉള്ളവര്‍. ഇപ്പോള്‍ പേര് പറഞ്ഞു അവരെ നാറ്റിക്കുന്നില്ല. മൂന്നു പേരില്‍ ഒരുവന് എന്നെ അത്രക്ക് അങ്ങു രസിച്ചില്ല.
കാരണം എന്താണെന്നു എനിക്ക് മനസ്സിലായതും ഇല്ല. കൂട്ടത്തില്‍ എന്നെ ഇഷ്ടപ്പെടതിരുന്നവന്‍റെ ആവശ്യപ്രകാരം മൂന്നു പേരും എന്‍റെ അടുത്ത് എത്തി.
ഞാന്‍ പതിവ് പോലെ ഒരു ചിരി ചിരിച്ചു. അതും അവനു ഇഷ്ടമായില്ല. ചുരുക്കത്തില്‍ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും അവനു ഇഷ്ടമാവില്ല എന്ന് എനിക്ക് മനസ്സിലായി.
ആ ദിവസങ്ങളില്‍ എനിക്ക് ഒരു 'റൗണ്ട് നെക്ക്- ടി -ഷര്‍ട്ട്' യൂണിഫോം ഷര്‍ട്ടി ന്‍റെ ഉള്ളില്‍ ഇടുന്ന പതിവുണ്ടായിരുന്നു. അത് എന്തിനനെന്നയിരുന്നു എന്നോടുള്ള ആദ്യത്തെ ചോദ്യം. മറുപടിക്ക് വലിയ താമസം ഉണ്ടായില്ല. "ബസില്‍ വരുമ്പോള്‍ തണുക്കുന്നത് കൊണ്ടാ.." എന്ന് ഞാന്‍ മറുപടി പറഞ്ഞു. അത് ഒരു തെറ്റാണെന്ന് ഞാന്‍ അത് വരെ മനസ്സിലാക്കിയിരുന്നില്ല.
വാചകക്കസര്‍ത്തില്‍ വലിയ മിടുക്കില്ലതിരുന്ന ആ സുഹൃത്തിന് അതിനുള്ള മറുപടി ഒന്നും ഉണ്ടായില്ല. അപ്പോഴാണ് എന്‍റെ വീട്ടുകാരെ വെറുപ്പിച്ചു ഞാന്‍ കയ്യില്‍ കെട്ടിയിട്ടുള്ള ഒരു ചങ്ങല അവന്‍റെ കണ്ണില്‍ പെട്ടത്. "എന്തിനാടാ ഒരു ചങ്ങല നിന്‍റെ കയ്യില്‍? ഇതൊന്നും ഇവിടെ പറ്റില്ല. അതൊക്കെ ചേട്ടന്മാര് ഇട്ടോളും നാളെ വരുമ്പോള്‍ ഇതൊന്നും വേണ്ട."
'അത്' എനിക്കത്ര ഇഷ്ടപ്പെട്ടില്ല. കാരണം അത് ഊരിക്കളയണം എന്ന് എന്നും പറയുന്ന എന്‍റെ അപ്പനെ അനുസരിക്കാതെ ആണ് ഞാന്‍ അതും കെട്ടി നടക്കുന്നത്. ഞാന്‍ ആകെ പരിഭ്രമത്തില്‍ ആയി.
അവന്‍ പറഞ്ഞത് ശരി വച്ച് ഞാന്‍ അവരെ മടക്കി വിട്ടു. പിറ്റേന്ന് ക്ലാസ്സില്‍ വരുന്ന നേരത്ത് ഞാന്‍ ചങ്ങല ഊരണൊന്നു ഒന്നാലോജിച്ചു. ആത്മാഭിമാനം എന്നോട് പറഞ്ഞു."ഹെബിന്‍സെ അത് ഊരിയാല്‍ നിനക്കതൊരു കുറച്ചിലാ." എന്നാപ്പിന്നെ അത് ഊരുന്ന പ്രശ്നമില്ല എന്നും മനസ്സിലുറപ്പിച്ചു പോളീലെത്തി.
ഇന്‍റെര്‍വല്‍ ആയതും ദേ വരുന്നു പണ്ടാരക്കാലന്‍. കൂടെ ഡയലോഗ് ഇല്ലാത്ത രണ്ടു ഗുണ്ടകളും. വന്നതും അവന്‍ നോക്കിയത് എന്‍റെ കഴുത്തിലും കയ്യിലും. വൃത്തി കെട്ടവന്‍. "നിന്നോടല്ലേ പറഞ്ഞത് ഇതൊന്നും വേണ്ടാന്ന്"
ഞാന്‍ ചിരിച്ചു. സത്യത്തില്‍ നല്ല പേടി ഉണ്ടായിരുന്നു എനിക്ക്. അവര് ബലമായി ഊരാതിരിക്കാന്‍ ഞാന്‍ ചങ്ങലയുടെ കൊളുത്ത് കളഞ്ഞു കണ്ണികള്‍ അടുപ്പിചിട്ടിരുന്നത് നന്നായെന്നു എനിക്ക് തോന്നി. കൊളുത്ത് അന്വേഷിച്ചു വയ്യാതായപ്പോള്‍ ഒടുക്കത്തെ വാര്‍ണിംഗ് തന്ന് അവര്‍ മടങ്ങി.
ഇന്നും രക്ഷപ്പെട്ടു.
നാളെ ഇങ്ങനെ തന്നെ ആവണമെന്നില്ല എന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പിറ്റേന്നും അവരെത്തി. ഇത്തവണ വന്നത് ലഞ്ച് ബ്രെയ്കില്‍ ആണ്. ഒരു കാര്യവുമില്ലാതെ ഒരു മണിക്കൂര്‍ അവിടെ ഇരുന്നു പല തരത്തിലുള്ള ഭീഷണികള്‍ മുഴക്കി. എന്തോ ഭാഗ്യം. എന്നെ തല്ലാനുള്ള ഉദ്ദേശം അവര്‍ക്കുണ്ടയില്ല. അമ്മ കെട്ടിത്തന്ന പൊതിച്ചോര്‍ ബാഗില്‍ ഇരുന്നു എന്നെ വിളിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ഇന്‍റെര്‍വല്‍ തീരുന്നത് വരെ അവരങ്ങനെ ഇരുന്നു. ബെല്ലടിച്ചതും അവര്‍ മടങ്ങി. 'ഇത്തവണ മുടങ്ങിയത് എന്‍റെ ഫുഡ്ഡടി ആയിരുന്നു.'
അന്ന് വൈകുന്നേരം വീടിലേക്ക് മടങ്ങിയ ഞാന്‍ നേരെ പോയത് എന്‍റെ അപ്പനും മൂന്നു അനുജന്മാരും കൂടി നടത്തി വന്ന സെന്‍ട്രല്‍ സോഡാ ഫാക്ടറിയിലേക്കാണ്. അപ്പന്‍റെ ഇളയ അനിയന്‍ ആണ് ബാബു പേപ്പന്‍ എന്ന് ഞാന്‍ വിളിക്കുന്ന C .I ബാബു. തെറ്റിദ്ധരിക്കരുത്. C.I. ബാബു എന്ന് വച്ചാല്‍ ചാലിശ്ശേരി ഇട്ടിയച്ചന്‍ ബാബു ആണ്. അല്ലാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു അല്ല. ചെറുപ്പത്തില്‍ ഒരു പനി വന്നതു കാരണം കേള്‍വിശക്തി നഷ്ടപ്പെട്ട ഒരാളാണ് ബാബു പേപ്പന്‍. പൊളീലെ കാര്യങ്ങള്‍ പേപ്പനോട് പറയാം. എന്നിട്ട് നാളെ പേപ്പനെയും കൂട്ടി പോകാം. അതായിരുന്നു എന്‍റെ പദ്ധതി. കൂട്ടുകാരെയും കൂട്ടി പോകാമെന്ന് എനിക്ക് ഉറപ്പു തരുന്നത് എന്‍റെ ഒരു ചാരന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എന്‍റെ സ്വന്തം ചേട്ടന്‍. ഗൂഢാലോചന കേട്ട് എന്തോ പന്തീകേട് തോന്നിയ ചേട്ടന്‍ ഉടന്‍ തന്നെ വിവരം അപ്പനെ അറിയിച്ചു. പണി പാളി.
വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു അപ്പന്‍. എന്നിട്ട് പറഞ്ഞു "നമുക്ക് നേരായ വഴിയില്‍ പരാതിപ്പെടാം. എന്നിട്ട് പ്രശ്നം തീര്‍ന്നില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കാം."
പിറ്റേന്നു കാലത്ത് അപ്പനും ഞാനും കൂടി പോളിയില്‍ എത്തി. അന്നത്തെ പ്രിന്‍സിപ്പലിനെ ചെന്ന് കണ്ടു വിവരം അറിയിച്ചു. തുടര്‍ന്ന് കോടതി ഭാഷയില്‍ അപ്പന്‍ നീട്ടിവലിച്ച് ഒരു പരാതിയും എഴുതിക്കൊടുത്തു. അപ്പന്‍ മടങ്ങിയതും ദേ വരുന്നു ആ ദുഷ്ടന്മാര്‍. ഞാന്‍ മനസ്സിലുറപ്പിച്ചു. ഏതായാലും ഇന്നു തല്ലു കിട്ടും. ഒരുത്തന് ഒരെണ്ണമെങ്കിലും കൊടുക്കാന്‍ എന്നതായിരുന്നു എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന.
മുഖ്യശത്രു മുന്നിലെത്തി ഒരു ടയലോഗ്. "ഞങ്ങളാരും നിന്നെ ഉപദ്രവിചില്ലല്ലോ. നീ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് പ്രശ്നമാകും". അമ്പട കേമന്മാരെ എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍. കുറചോരഹങ്കാര ത്തോടെ ഞാന്‍ പറഞ്ഞു. പരാതി പിന്‍വലിക്കില്ല. എന്നാല്‍ ശരി എന്നും പറഞ്ഞു അവര്‍ പോയി. അതോടെ ചുറ്റിലുമുള്ള കൂട്ടുകാരൊക്കെ എന്‍റെ അടുത്ത് നിന്നും മാറി തുടങ്ങിയോ എന്നൊരു സംശയം എനിക്കുണ്ടായി. ഒരുത്തന്‍ വന്നു പറഞ്ഞു. "അവര് ഇവിടെ നിന്നും പോകുന്ന ദിവസം നിനക്ക് കിട്ടും. നീ സൂക്ഷിച്ചോ."
അത് എന്നെ ചിന്തിപ്പിച്ചു. ഓരോ ദിവസവും കടന്നു പോകുന്നതിനിടയില്‍ എവിടെയെങ്കിലും ഒക്കെ വച്ച് എന്നെ കാണുമ്പോള്‍ പലരും എന്നെ നോട്ടമിടുന്നത് എനിക്ക് കാണാമായിരുന്നു. തല്ലു കിട്ടീട്ടു പിന്നീട് തിരിച്ചു കൊടുക്കുന്നതില്‍ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. തല്ല് കിട്ടാതെ നോക്കണം.
അതിനു ഒരു വഴി കാണിച്ചു തരണേ ഈശ്വരാ എന്ന് മനസ്സില്‍ ആലോജിച്ചതും ദേ വരുന്നു S. F. I യുടെ ശക്തി പ്രകടനം. പോളിയില്‍ ഏറ്റവും അണികള്‍ ഉള്ളതും ശക്തി ഉള്ളതും S.F.I ക്ക് ആയിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല. ജനലിലൂടെ എടുത്തു ചാടി ചെങ്കടലിലേക്ക്. ജാഥയുടെ മുന്നില്‍ തന്നെ ഞാനും വിളിച്ചു "S.F.I. സിന്ദാബാദ്" സാമാന്യം നല്ല ഒരു ശബ്ദത്തിനു ഉടമയായത് കൊണ്ടാവാം, പിന്നീടങ്ങോട്ട് എല്ലാ പ്രകടനത്തിനും എന്നെ വന്നു വിളിക്കാന്‍ S.F.I ക്കാര്‍ മറക്കാറില്ല. S.F.Iകാരനെ തൊടാന്‍ മാത്രം അവിടെ ആരും വളര്‍ന്നിട്ടില്ല എന്ന തോന്നല്‍ ആയിരുന്നു എന്‍റെ ആശ്വാസം. അതോടെ എല്ലാ പ്രശ്നവും തീര്‍ന്നു. ഇന്നും ഞാന്‍ ആ തീരുമാനത്തില്‍ വളരെ അഭിമാനിക്കുന്നു. അങ്ങനെ ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആയി.
സഖാവ്
No comments:
Post a Comment